Wednesday, November 21, 2012

മൈ ലവ് !

പ്രണയമെന്ന വര്‍ണകടലാസില്‍ പൊതിഞ്ഞ പേരിടാത്ത ആ വരയിട്ട നോട്ട് ബുക്കില്‍ ഞാനോരുവരി പോലും എഴുതിയിരുന്നില്ല ഒന്ന് തുറന്നു നോക്കിയത് പോലുമില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇതേ ദിവസം ഞാനവളെ കാണുമ്പോള്‍ ഒട്ടും പ്രതീക്ഷിച്ചുമില്ല അതില്‍ പ്രണയാക്ഷരങ്ങളാല്‍ അവളുടെ മുഖം പതിയുമെന്ന് , പേരിടാത്ത ബുക്കിന് അവളുടെ പേരാകുമെന്ന് ..

എന്നോ ഒരിക്കല്‍  ഞാനതിന്‍റെ താളുകള്‍ പതിയെ പതിയെ മറിച്ച് നോക്കാന്‍ തുടങ്ങി. ഞാന്‍ കണ്ടു അവളുടെ സാമീപ്യം ഞാനറിയാതെ എപ്പോഴോ പ്രണയമായ്‌ മാറി അതില്‍ അക്ഷരങ്ങള്‍ കൊറികൊണ്ടേ ഇരുന്നിരുന്നു. വാക്കുകള്‍ക്ക് ജീവനും. പണ്ടെങ്ങോ പിന്നിയിട്ട തലമുടിയില്‍ ചൂടിക്കാന്‍ മറന്ന മയില്‍ പീലിപെറ്റോരുമിച്ച്  മയിലായ്‌ മാറി പീലിയും  നിവര്‍ത്തിയിരിക്കുന്നു..

സ്വപ്‌നങ്ങള്‍ പലതും ഞാന്‍ മുന്നേ കണ്ടിരുന്നു. പക്ഷെ അതില്‍ നിറങ്ങള്‍ ചേര്‍ക്കാന്‍ ഇവളെന്നെ പഠിപ്പിച്ചു. ചിരിക്കാന്‍ മാത്രം ശീലിച്ചിരുന്ന എന്നെ കരയാനും. ആ ചായകൂട്ടുകള്‍ കൊണ്ട് ഞാന്‍ വരച്ചുണ്ടാക്കിയ പാതയിലൂടെ കൈ കോര്‍ത്ത്‌ ഞങ്ങള്‍ ഒരുപാട് ദൂരം നിശബ്ദമായി ഇന്നും നടക്കുന്നു ..

എന്നെങ്കിലുമൊരിക്കല്‍ നിന്നക്കെന്നില്‍നിന്നടര്‍ന്നുവേറിടണമെങ്കില്‍ പ്രിയേ ..  ഇതാ നിന്‍റെ പേര് പതിഞ്ഞ എന്‍റെ പ്രണയപുസ്തകത്തില്‍ നിന്നൊരു താള്‍ , ഇന്നേ കുഴിക്കുന്നു ഞാനൊരു കല്ലറ. നീ പോകുമ്പോള്‍ കത്തിയെരിഞ്ഞുവീഴുന്ന പുസ്തകചാരം അതിലിട്ട് മൂടികൊള്‍ക. കുഴിച്ചിടുക ആ താള്‍ തലയ്ക്കലും .. എനിക്കുറപ്പുണ്ട്  ഒരിക്കല്‍ അത് വളര്‍ന്ന് മരമായി വളരും , തണല്‍ തരും...  നീറിപ്പുകഞ്ഞ് ചാരമായ മോഹങ്ങള്‍ക്ക് ആ തണലില്‍ ഇത്തിരി ഇളവേല്‍ക്കാമല്ലോ. !!