Tuesday, December 11, 2012

ഒഴിമുറി - പച്ചത്തവളയുടെ കുറിപ്പ്‌



ഒരു നല്ല സിനിമ കാണണം എന്നയാഗ്രഹമാണ് നിങ്ങളെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഒഴുമുറി കാണുക. കഥയും തിരക്കഥയും എഴുതാന്‍ ഭാവന മാത്രം പോരാ നല്ല അറിവും പാണ്ടിത്യവും നിരീക്ഷണബോധവും മനസ്സില്‍ നന്മയും വേണം എന്ന് പറയാതെ പറയുന്ന ഒരു സിനിമ. നിങ്ങള്‍ ഒരു യഥാര്‍ത്ഥ സിനിമ പ്രേമിയാണെങ്കില്‍ തീര്‍ച്ച നിങ്ങള്‍ക്കീ പടം ഇഷ്ടപെടും.

    ഒരു സിനിമയുടെ യഥാര്‍ത്ഥ വിജയം എന്ന് അവകാശപെടുന്നത്  ആ സിനിമ പ്രേക്ഷകരെ ചിന്തിപ്പിക്കുമ്പോള്‍ ആണ്. അതുള്‍ക്കൊള്ളുന്ന ആശയം പ്രേക്ഷകനുമായി സംവേധിക്കുമ്പോഴാണ്. ഇക്കാലത്ത്‌ സിനിമയുടെ വിജയം കളക്ഷനുകളുടെ ത്രാസില്‍ അളക്കപെടുന്നത് കൊണ്ട് കലാമൂല്യമുള്ള സിനിമകള്‍ പ്രേക്ഷകനിലേക്ക് എത്താന്‍ താമസിക്കുന്നു . പക്ഷെ മലയാള സിനിമയുടെ പാരമ്പര്യം എന്ന് പറയുന്നതാകട്ടെ  തികച്ചും വേറിട്ട നില്‍ക്കുന്ന ഇത്തരം സിനിമകളാണ്താനും. മാനുഷിക വികാരങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന ഒരുഫിലിം ഇണ്ടസ്ട്രി വേറെയില്ല എന്ന് തന്നെ പറയേണ്ടി വരും .

 ഒരു കൊമര്‍ഷിയല്‍ സിനിമ എടുത്ത്‌ കോടികള്‍ കൊയ്യുന്നതിനു പകരം കലയോട് നൂറു ശതമാനവും നീതി പുലര്‍ത്തി സമൂഹത്തിനു നല്ലത് പകര്‍ന്നു കൊടുക്കണം എന്നാഗ്രമുള്ള ആളുകള്‍ ഇന്നും മലയാള സിനിമയില്‍ ഇനിയും ബാക്കി ഉണ്ട് എന്ന് തെളിയിക്കുന്നതാണ് ഒഴിമുറി പോലുള്ള സിനിമകള്‍. അത്തരം സിനിമകളെ അറിഞ്ഞു പ്രോല്‍സാഹിപ്പിചില്ലെങ്കില്‍ താന്‍ സിനിമ പ്രേമിയാണ് എന്നുറച്ച് പറയാനെങ്ങനെ കഴിയും?.

മലയാളി പ്രേക്ഷകര്‍ വിവരമുള്ളവരാണ് ചിന്തിക്കുന്നവരാണ് അത് കൊണ്ട് അവര്‍ മനസ്സിനോട് തൊട്ടു നില്‍ക്കുന്ന സിനിമ ആഗ്രഹിക്കുന്നു ഇഷ്ടപെടുന്നു . പക്ഷെ ജനങ്ങള്‍ക്ക്‌ വിവരമില്ല അവര്‍ ഊഹിച്ചുകൊള്ളും എന്ന മുന്‍വിധിയോടെ പടച്ചു വിടുന്ന ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ - കയറില്‍ കെട്ടി വലിച്ചുള്ള ഇടി , അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വാക്ക്‌ കസര്‍ത്ത്‌ ,തോക്കുണ്ടെങ്ങിലും കയ് കൊണ്ട് അങ്കം കുറിക്കുന്ന നായകന്‍ , പൈങ്കിളി / ക്ലിഷേ നായിക ഇത്തരത്തിലുള്ള സിനിമകളാണ് ഏറിയ പങ്കും പണം കൊയ്യുന്നത്. അതെന്തു കൊണ്ടാണ്?. എനിക്ക് തോന്നുന്നത് മലയാളി പ്രേക്ഷകര്‍ എന്തും ഉള്‍കൊള്ളുന്നവരാണ്. ഏതുതരം സിനിമ ഇറങ്ങിയാലും ആളുകള്‍ കാണും അവര്‍ വിലയിരുത്തും. ആ വിലയിരുത്തലുകളാവട്ടെ  അക്കാലഘട്ടത്തിലെ ട്രെന്‍ഡില്‍ മാത്രം ഒതുങ്ങി പോകുന്നു. 

    എന്‍റെ സിനിമ എങ്ങനെ ആയിരിക്കണം എന്ന് ഒരു സംവിധായകന്‍ തീരുമാനിക്കുന്നയിടതാണ് സിനിമ അതിന്‍റെ പൂര്‍ണതയിലേക്കുള്ള വഴി തുറക്കുന്നത്. ഒഴിമുറിയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു പഴയകാല കഥ അതെ തനിമയില്‍ വളരെ തന്മയത്തതോടെ പറഞ്ഞിരിക്കുന്നു മാനുഷിക ബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കും നന്നേ പ്രാധാന്യം കൊടുത്തെടുത്തിട്ടുള്ള ഒരു സിനിമ .അഭിനയത്തോട് കൂറ് പുലര്‍ത്തി നടീ നടമ്മാര്‍, കഥ തിരക്കഥയില്‍ പ്രാവീണ്യം തെളിയിച്ച് തിരകഥകൃത്ത് ശ്രി ജയമോഹന്‍. പിന്നെ കോടികള്‍ കൊയ്യില്ല എന്ന ഉറപ്പില്‍ അത് സിനിമയാക്കി മലയാള സിനിമ മരിക്കില്ല ഞങ്ങള്‍ ഒക്കെയുണ്ടിവിടെ എന്ന് കാണിച്ചു തന്ന സംവിധായകന്‍ ശ്രി മധുപാലും പ്രോട്യുസര്‍  വേണുഗോപാലും . 
 
സിനിമ എങ്ങനെ വെണമെങ്കിലും എടുക്കാം പക്ഷെ കലാമൂല്യമുല്ല സിനിമ എടുക്കുന്നവരെ തിരിച്ചറിഞ്ഞു അവര്‍ക്ക് പ്രചോദനം ആവാന്‍ കഴിയുക വലിയ കാര്യം തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു.  റെക്കോര്‍ഡ്‌ കളക്ഷന്‍ ഭേദിക്കില്ല എന്നറിഞ്ഞു കൊണ്ട് മധുപാലും വെണുഗോപാലും എന്തിനീ സാഹസത്തിനു മുതിര്‍ന്നു എന്നുള്ള ചോദ്യം മനസ്സില്‍ ഉയര്‍ന്നാല്‍ തന്നെ അത് ആ കലാകാരന്മാര്‍ക്കുള്ള  അന്ഗീകാരമാണ്. നല്ല സിനിമയെ ജനം അന്ഗികരിക്കും എന്ന ആ മനുഷ്യന്റെ വിശ്വാസമാണ്. പക്ഷെ നല്ല സിനിമയെ കയ്‌വിടില്ല എന്ന വിശ്വാസം കാത്തു സൂക്ഷിക്കാന്‍ പ്രേക്ഷകരായ നമ്മള്‍ക്ക് കഴിയുന്നുണ്ടോ ? ഉണ്ടെങ്കില്‍ എന്ത് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയം കൊയ്യുന്നില്ല . അതോ ഇപ്പോഴും പ്രേക്ഷകരുടെ നിലവാരം നായകന്‍റെ സിക്സ് പാക്കിലും നായികയുടെ കുളിയിലും തങ്ങി നില്‍ക്കുകയാണോ ? യവ്വന തിളപ്പിന്റെ മണ്ടത്തരമായ ഫാന്‍സ്‌ അസോസിയഷന്‍ ആണോയിനിയിതിനു പിന്നില്‍ ?എന്ത് തന്നെയായികൊട്ടെ ആ സിനിമ എന്നില്‍ ചെലുത്തിയ സ്വാധീനമാണ് ഇത്രേം എഴുതാന്നെന്നെ പ്രേരിപ്പിച്ചത്. നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്നതില്‍ എനിക്ക് തെല്ലും മടിയില്ലത്തതിനാല്‍ ഞാന്‍ ഈ സിനിമ കണ്ട് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അനുമോധിക്കുവാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു . ഒരു സിനിമ അതിലെ നായകന്റെയല്ല മറിച്ച് അതിന്റെ സംവിധായകന്റെയാണ്. മധുപാല്‍ സര്‍ ഈ എളിയ പ്രേക്ഷകന്‍റെ എണീറ്റ് നിന്നുള്ള കയ്യടി.....!!
ഇതാ സ്വീകരിച്ചാലും ... !!